Tuesday, November 25, 2008

ബാലചന്ദ്രന്‍ ചുള്ളിക്കാടിനു 50 വയസ്സ്

ബാലചന്ദ്രന്‍ ചുള്ളിക്കാടിനു 50 വയസ്സ്

വിജയലക്ഷ്മി: നാളെ ജൂലൈ 30നു താങ്കള്‍ക്ക് 50 വയസ്സു തികയുകയാണല്ലോ. എന്തു തോന്നുന്നു?

ബാലചന്ദ്രന്‍ ചുള്ളിക്കാട്: അദ്ഭുതം തോന്നുന്നു. ഇത്രകാലം ജീവിച്ചിരിക്കുമെന്നു പ്രതീക്ഷിച്ചതല്ല. ഒരുപാടു കാലം കഴിഞ്ഞുപോയതുപോലെ. ഉല്‍സവം കഴിഞ്ഞ അമ്പലമുറ്റംപോലെ മനസ്സ് ഒഴിഞ്ഞുകിടക്കുന്നു. വൈലോപ്പിള്ളിയുടെ വരികളാണ് ഓര്‍മവരുന്നത്

പണ്ടു നാം സ്നേഹിച്ചവര്‍
അകന്നോ മൃതിപ്പെട്ടോ
വന്‍ പകയോടെ ചേരി
മാറിയോ പൊയ്പോകുന്നു
ക്ഷുബ്ധമായ് കലുഷമായ്പ്ര
വഹിക്കുന്നൂ കാലം.””

ഇന്ന് ആകപ്പാടെ ആലോചിക്കുമ്പോള്‍ എന്റേതല്ലാത്ത മറ്റൊരു ലോകത്തില്‍, എന്റേതല്ലാത്ത മറ്റൊരു കാലത്തില്‍, അനഭിമതവും അനാവശ്യവും അപ്രസക്തവുമായ ഒരു ദുശ്ശകുനമാണ് എന്റെ സാന്നിധ്യം എന്നു തോന്നിപ്പോകുന്നു.

വിജി :ഇത്രയും കാലത്തിനിടയില്‍ നൂറില്‍താഴെ കവിതകള്‍ മാത്രമേ താങ്കളുടേതായി പുറത്തുവന്നിട്ടുള്ളു. താങ്കള്‍ കുറെക്കാലമായി കവിതകള്‍ എഴുതുന്നുമില്ല. എന്തുകൊണ്ടാണിങ്ങനെ?

ബാല: ആരും ആവശ്യപ്പെട്ടിട്ടല്ല ഞാന്‍ കവിതയെഴുതാന്‍ തുടങ്ങിയത്. എനിക്കു കവിതയെഴുതാന്‍ തോന്നിയപ്പോള്‍ എനിക്കു തോന്നിയതുപോലെ, തോന്നിയതൊക്കെ എഴുതി; അത്രമാത്രം. കുറെക്കാലമായി കവിതയെഴുതാന്‍ തോന്നുന്നില്ല. അതുകൊണ്ട് എഴുതുന്നില്ല. പ്രചോദനമില്ലാതെ എഴുതാനാവില്ല. പ്രചോദനമാകട്ടെ, ഇച്ഛാനുസരണം ഉണ്ടാവുന്നതുമല്ല.

ആയുഷ്കാലം മുഴുവന്‍ കവിതയെഴുതിക്കൊള്ളാമെന്നോ ആയിരക്കണക്കിനു കവിതകളെഴുതിക്കൊള്ളാമെന്നോ ആരുമായും എനിക്കു കരാറില്ല. കവിതാരംഗത്തു നിലനില്‍ക്കാന്‍വേണ്ടി ആഴ്ചതോറും നിര്‍ബന്ധിതമായി കവിതയെഴുതേണ്ട ഗതികേടും എനിക്കില്ല. അതുകൊണ്ട്, എഴുതാന്‍ കഴിയാത്തതിനെക്കുറിച്ചു യാതൊരു ഉത്കണ്ഠയുമില്ല. ചിലപ്പോള്‍ ഇനിയൊരിക്കലും ഒന്നുമെഴുതിയില്ലെന്നുവരാം.കാവ്യകലയെക്കുറിച്ചുള്ള എന്റെ വലിയ സങ്കല്‍പങ്ങളെ തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ഒരു കവിത എഴുതാന്‍ എനിക്കൊരിക്കലും കഴിയില്ല എന്നു ബോധ്യമായി. ഈ ബോധ്യം രചനാപരമായ എന്റെ ഉല്‍സാഹം നഷ്ടപ്പെടുത്തിയിട്ടുണ്ട്.

വിജി :ഏറ്റവും പ്രിയപ്പെട്ട സ്വന്തം കവിത ഏതാണ്?

ബാല: 1984ല്‍, 27-ാം വയസ്സില്‍ എഴുതിയ ‘ഗസല്‍’ എന്ന കവിതയാണ് എനിക്കേറ്റവുമിഷ്ടം. വൈയക്തികാനുഭവം, ചരിത്രാനുഭവം, സംഗീതാനുഭവം എന്നിവയെ സമന്വയിക്കണം എന്ന മോഹം സാക്ഷാത്കരിക്കാന്‍ ആ കവിതയിലാണു ഞാന്‍ ശ്രമിച്ചത്. ഗുലാം അലി കേരളത്തില്‍ വരുമെന്നോ പാടുമെന്നോ ‘ഗസല്‍” എന്ന കവിത എഴുതിയ 1984ല്‍ ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ല. പാക്കിസ്ഥാന്‍ പൌരനായ ഗുലാം അലിക്ക് ബോംബെയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടപ്പോള്‍ ദുഃഖവും പ്രതിഷേധവും തോന്നിയിരുന്നു. അക്കാലത്ത് അനേകം വേദികളില്‍ ഞാന്‍ ഗസല്‍ എന്ന കവിത ചൊല്ലിയിട്ടുണ്ട്. എന്റെ വികാരങ്ങളെ ശ്രോതാക്കള്‍ കരഘോഷത്തോടെ അംഗീകരിച്ചിരുന്നു.

വിജി :ഞാന്‍ അടക്കമുള്ള എഴുത്തുകാര്‍ അവാര്‍ഡുകളെ ആദരിക്കുകയും അവാര്‍ഡുകള്‍ സ്വീകരിക്കുകയും ചെയ്തുപോരുന്നു. എന്നാല്‍, 1990ല്‍ താങ്കള്‍ ഇരുപതിനായിരം രൂപയുടെ സംസ്കൃതി ദേശീയ അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരില്‍ ഒരിക്കലും ഒരവാര്‍ഡും സ്വീകരിക്കില്ല എന്നു പ്രഖ്യാപിക്കുകയും ചെയ്തു. നമ്മുടെ കുടുംബം സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടിയിരുന്ന കാലത്താണു താങ്കള്‍ ഇരുപതിനായിരം രൂപ വേണ്ടെന്നുവച്ചത്. വ്യക്തിപരമായ പ്രശസ്തിക്കുവേണ്ടിയാണ് സ്വന്തം ഭാര്യയുടെയും കുഞ്ഞിന്റെയും സാമ്പത്തികാവശ്യങ്ങള്‍പോലും അവഗണിച്ചു താങ്കള്‍ ഇങ്ങനെയൊരു തിരസ്കാരം നടത്തിയത് എന്നു ഞാന്‍ കുറ്റപ്പെടുത്തിയാല്‍?

ബാല: അതു വളരെ ശരിയാണ്. ഒരിക്കലും സാഹിത്യത്തിന്റെ പേരില്‍ ഒരവാര്‍ഡും സ്വീകരിക്കാതെ ജീവിച്ചു മരിച്ചുപോയ ഒരെഴുത്തുകാരന്‍ എന്ന വ്യക്തിപരമായ പ്രശസ്തി കിട്ടാന്‍വേണ്ടിത്തന്നെയാണു ഞാന്‍ അവാര്‍ഡ് നിരസിച്ചത്. സമൂഹത്തിനുവേണ്ടി സാഹിത്യത്തിന്റെ മൂല്യം നിര്‍ണയിക്കാന്‍ അവാര്‍ഡ് കമ്മിറ്റിക്കാര്‍ക്കുള്ള സര്‍വാധികാരത്തെ ഞാന്‍ അംഗീകരിക്കുന്നുമില്ല. കുടുംബത്തിന്റെ സാമ്പത്തികാവശ്യം പണിയെടുത്തു നിറവേറ്റും എന്നു വിചാരിച്ചു. ആ ഇരുപതിനായിരം രൂപയുടെ കാര്യം നീ ഇപ്പോഴും ഓര്‍ത്തിരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു.

വിജി :സാഹിത്യ അക്കാദമിയില്‍ എന്നോടൊപ്പം ഇരിക്കാന്‍ താങ്കളുടെ പുരുഷ മേധാവിത്വബോധം അനുവദിക്കാതിരുന്നതുകൊണ്ടാണോ താങ്കള്‍ അക്കാദമി അംഗത്വം നിരസിച്ചത്? ആദ്യം എനിക്കു സാഹിത്യ അക്കാദമി അവാര്‍ഡ് കിട്ടിയതുകൊണ്ടാണോ പിന്നീടു താങ്കള്‍ക്ക് അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ അതു നിരസിച്ചത്? അക്കാദമിയോടുള്ള വിരോധത്തിനു പിന്നില്‍ എന്നോടുള്ള മല്‍സരബുദ്ധിയുണ്ടോ?

ബാല: ഒരിക്കലുമില്ല. കേരള സാഹിത്യ അക്കാദമി വര്‍ഷംതോറും യുവസാഹിത്യകാരന്മാര്‍ക്കുള്ള സാഹിത്യ ശില്പശാലകള്‍ നടത്താറുണ്ട്. വിദ്യാര്‍ഥിയായിരുന്ന കാലത്തു ഞാന്‍ ഈ സാഹിത്യ ശില്പശാലകളില്‍ അംഗത്വത്തിനായി മൂന്നുതവണ അപേക്ഷിച്ചിട്ടുണ്ട്. മൂന്നുതവണയും എന്റെ അപേക്ഷ നിഷ്കരുണം തിരസ്കരിക്കപ്പെട്ടു. സാഹിത്യ അക്കാദമിയുടെ അംഗത്വമോ അവാര്‍ഡോ ഇല്ലാതെതന്നെ ഈ സമൂഹത്തിന്റെ അംഗീകാരം നേടിയ കവിയാകണം എന്നത് എന്റെ സ്വപ്നവും വാശിയുമായിരുന്നു. അല്ലാതെ ആരോടും വ്യക്തിപരമായി മല്‍സരബുദ്ധിയോ വിരോധമോ ഉണ്ടായിട്ടല്ല.

വിജി :1980 ജനുവരിയില്‍ എറണാകുളത്തു നടന്ന കേരള സര്‍വകലാശാലാ യുവജനോല്‍സവകാലത്തു നാം പരിചയപ്പെടുമ്പോള്‍ താങ്കളും കടമ്മനിട്ട രാമകൃഷ്ണനും നന്നായി മദ്യപിച്ച അവസ്ഥയിലായിരുന്നു. പിന്നീടു ജീവിതകാലം മുഴുവന്‍ താങ്കള്‍ എന്നെക്കാളും സ്വന്തം കുഞ്ഞിനെക്കാളും സ്നേഹിച്ചിരുന്നതു മദ്യത്തെ ആയിരുന്നു. താങ്കളുടെ മദ്യാസക്തി എന്റെയും മകന്റെയും ജീവിതത്തെ നരകമാക്കി. ഞങ്ങളുടെ അവസ്ഥയോ അപേക്ഷയോ താങ്കളെ ഒരിക്കലും മദ്യപാനത്തില്‍നിന്നു പിന്തിരിപ്പിച്ചില്ല. എന്നാല്‍, 1998 ഓഗസ്റ്റില്‍ അമേരിക്കയില്‍ പോയി വന്നശേഷം താങ്കള്‍ മദ്യപിച്ചതായോ പുകവലിച്ചതായോ ഒരിക്കലും കണ്ടിട്ടില്ല. പ്രാണനെപ്പോലെ കരുതിയിരുന്ന മദ്യത്തെയും പുകയിലയെയും ഉപേക്ഷിക്കാന്‍ എങ്ങനെ കഴിഞ്ഞു?

ബാല: അമേരിക്കയില്‍വച്ച്, ഭൂമിയില്‍ കിട്ടാവുന്ന ഏതാണ്ടെല്ലാത്തരം മദ്യങ്ങളും കഴിച്ചു മടുത്തു. പുകവലിമൂലം ശ്വാസോച്ഛ്വാസംപോലും പ്രയാസമായി. ഏതുവിധത്തിലും പുകയിലയുടെയും മദ്യത്തിന്റെയും പിടിയില്‍നിന്നു രക്ഷപ്പെടണം എന്ന കടുത്ത ആഗ്രഹമുണ്ടായി. അങ്ങനെ എല്ലാ ആത്മശക്തിയും സംഭരിച്ച് മദ്യപാനവും പുകവലിയും നിര്‍ത്തി. ഇപ്പോള്‍, മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളുടെ നടുവില്‍ എത്രനേരമിരുന്നാലും യാതൊരു പ്രലോഭനവും ഇല്ല. മാന്യതയ്ക്കുവേണ്ടിയോ സാമൂഹികാംഗീകാരത്തിനുവേണ്ടിയോ അല്ല ഞാന്‍ കുടി നിര്‍ത്തിയത്. എന്റെ മനസ്സമാധാനത്തിനും ആരോഗ്യത്തിനും വേണ്ടിയാണ്.

വിജി :മദ്യത്തെ ഇത്രമേല്‍ ആശ്രയിക്കുന്ന അവസ്ഥ ചെറുപ്പത്തില്‍ എങ്ങനെയുണ്ടായി?

ബാല: എന്റെ ചെറുപ്പത്തില്‍ ഞാനാരാധിച്ച കലാകാരന്മാരും എഴുത്തുകാരും നന്നായി മദ്യപിക്കുന്നവരായിരുന്നു. അവരോടൊപ്പം മദ്യപിക്കാന്‍ കൌമാരകാലത്തുതന്നെ എനിക്കവസരം കിട്ടി. തകഴി, വൈക്കം ചന്ദ്രശേഖരന്‍നായര്‍, തോപ്പില്‍ ഭാസി, മലയാറ്റൂര്‍ രാമകൃഷ്ണന്‍, ഒ. വി. വിജയന്‍, കാക്കനാടന്‍, നരേന്ദ്രപ്രസാദ് തുടങ്ങിയ എഴുത്തുകാര്‍, പി. കുഞ്ഞിരാമന്‍നായര്‍, കടമ്മനിട്ട രാമകൃഷ്ണന്‍, എ. അയ്യപ്പന്‍ തുടങ്ങിയ കവികള്‍, പി. ജെ. ആന്റണി, കൊട്ടാരക്കര ശ്രീധരന്‍നായര്‍, തിക്കുറിശ്ശി, നെടുമുടി വേണു, സുരാസു, സോമന്‍, സുകുമാരന്‍ തുടങ്ങിയ നടന്മാര്‍, അരവിന്ദന്‍, ജോണ്‍ ഏബ്രഹാം, ഭരതന്‍, പത്മരാജന്‍, പവിത്രന്‍ തുടങ്ങിയ ചലച്ചിത്രസംവിധായകര്‍....ഇവരോടൊക്കെ ഒപ്പമാണ് എന്റെ ചെറുപ്പത്തില്‍ ഞാന്‍ മദ്യപിച്ചിരുന്നത്. കലയും സൌഹൃദവും മദ്യവും ചേര്‍ന്ന സൌന്ദര്യലഹരി അന്നേ എന്നെ വശീകരിച്ചുകളഞ്ഞു.

വിജി :ഞാന്‍ പരിചയപ്പെടുന്ന കാലത്തു താങ്കള്‍ സ്വന്തമായി വരുമാനമോ വീടോ കിടക്കാനൊരു സ്ഥലമോ ഇല്ലാത്ത വെറുമൊരു തെണ്ടിയായിരുന്നു. മുഷിഞ്ഞു പിഞ്ഞിയ പഴഞ്ചന്‍ വസ്ത്രങ്ങളുമായി കാലില്‍ ചെരിപ്പുപോലുമില്ലാതെ കാടുപിടിച്ച മുടിയുമായി, കുളിക്കാതെയും പല്ലുതേക്കാതെയും നടന്നിരുന്ന ആ പ്രാകൃതനെ പഴയ സുഹൃത്തുക്കള്‍ ഇന്നും ഓര്‍ക്കുന്നുണ്ടാവണം. ഭക്ഷണത്തിനും യാത്രച്ചെലവിനുമൊക്കെയായി എന്നോടും ചെറിയ തുകകള്‍ യാചിക്കാന്‍ വന്നിരുന്ന ദരിദ്രകവി. നഗ്നപാദ കവി എന്ന് അയ്യപ്പപ്പണിക്കര്‍ താങ്കളെ വിശേഷിപ്പിച്ചതോര്‍ക്കുന്നു. കുറെക്കാലം തെണ്ടിയായി ജീവിച്ചതിന്റെ ചില ശീലങ്ങള്‍ ഇപ്പോഴും താങ്കളില്‍ ഞാന്‍ നിരീക്ഷിക്കാറുണ്ട്. തെണ്ടിയായി ജീവിച്ച ആ കാലത്തിന്റെ ഓര്‍മകള്‍ ഇപ്പോഴും സൂക്ഷിക്കുന്നുണ്ടോ?

ബാല: ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചതാണ്. വിധിവശാലും കയ്യിലിരിപ്പുകൊണ്ടും കൌമാരകാലത്തുതന്നെ തെണ്ടിയാകേണ്ടിവന്നു. വീടും നാടും വിടേണ്ടിവന്നു. ഭിക്ഷയാചിച്ചും കടത്തിണ്ണകളില്‍ അന്തിയുറങ്ങിയും കഴിയേണ്ടിവന്നു. കവിതകാരണം പതുക്കെപ്പതുക്കെ സൌഹൃദങ്ങള്‍ ഉണ്ടായി. കവി എന്ന ലേബല്‍ ‘തെണ്ടിജീവിത”ത്തിനു മാന്യതയും കാല്‍പനിക പരിവേഷവും നല്‍കി. തെണ്ടിയുടെ ജീവിതം എന്നെ വിലപ്പെട്ട ചില പാഠങ്ങള്‍ പഠിപ്പിച്ചു. ഞാന്‍ ജീവിച്ചിരിക്കേണ്ടത് എന്റെ മാത്രം ആവശ്യമാണ്.

ഞാന്‍ ഈ പ്രപഞ്ചത്തില്‍ ഒരവശ്യഘടകമേ അല്ല. കോടാനുകോടി കൃമികളില്‍ ഒരു കൃമി. ആര്‍ക്കും വേണ്ടാത്ത ഒരു ജീവന്‍. സ്വന്തമായി ഒന്നുമില്ലാത്ത ഒരു തെണ്ടിയായിരിക്കുന്നതിന്റെ ലാഘവം. പരിത്യക്തതയുടെ വേദന. അതുകൊണ്ട് ഇന്നു ജീവിതത്തോടു നന്ദിതോന്നുന്നു. ഭക്ഷണവും വസ്ത്രവും കിടക്കാന്‍ സ്ഥലവും ഇന്നുണ്ട്. മഹാഭാഗ്യം. ഇനി നാളെ തെരുവിലേക്കുതന്നെ തിരിച്ചുപോകേണ്ടിവരുമോ എന്നറിയില്ല.

(ഞായറാഴ്ചയുടെഒന്നാം പേജില്‍നിന്ന്) ‘’
ചിലപ്പോള്‍ വീണ്ടും തെണ്ടിയായേക്കാം.
ഹാ! സുഖങ്ങള്‍ വെറും ജാലം
ആരറിവൂ നിയതിതന്
‍ത്രാസു പൊങ്ങുന്നതും
താനേതാണുപോവതും!””
(കുമാരനാശാന്‍ )

വിജി :താങ്കള്‍ ഒരു കവി ആയതുകൊണ്ടാണ് താങ്കളോടൊപ്പം ജീവിക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പക്ഷേ, ഇന്നു താങ്കള്‍ ഒരു സീരിയല്‍ നടന്‍ ആയാണ് അറിയപ്പെടുന്നത്. നാം പരിചയപ്പെടുന്ന കാലത്തു താങ്കള്‍ ഒരു സീരിയല്‍ നടന്‍ മാത്രമായിരുന്നുവെങ്കില്‍ ഞാനൊരിക്കലും താങ്കളെ വിവാഹം കഴിക്കില്ലായിരുന്നു. എന്നാല്‍, ഇരുപത്തിയേഴു വര്‍ഷം സ്നേഹിച്ചും കലഹിച്ചും സുഖദുഃഖങ്ങള്‍ പങ്കിട്ടും നമ്മള്‍ ഒരുമിച്ചു ജീവിച്ചുകഴിഞ്ഞു. ഇന്നിപ്പോള്‍ താങ്കള്‍ ആരായാലും എനിക്കു താങ്കളെ പിരിയാന്‍ വയ്യാതായി. എങ്കിലും ചോദിക്കട്ടെ, എന്തുകൊണ്ടാണു താങ്കള്‍ സീരിയല്‍ നടന്‍ ആകാന്‍ തീരുമാനിച്ചത്?

ബാല: 1987 മുതല്‍ ഞാന്‍ ട്രഷറിയില്‍ കണക്കെഴുത്തു ഗുമസ്തനായി ജീവിച്ചു പോരുകയായിരുന്നല്ലോ. മനസ്സിനെ മരവിപ്പിക്കുന്ന കണക്കെഴുത്തുജോലി എന്നെ ഒടുവില്‍ കടുത്ത വിഷാദരോഗത്തിലേക്കാണു നയിച്ചത്. അക്കങ്ങളുടെയും കണക്കുകളുടെയും ലോകത്തില്‍നിന്നു രക്ഷപ്പെടാനും മറ്റൊരു തൊഴില്‍ സമ്പാദിക്കാനുമുള്ള എന്റെ ശ്രമങ്ങള്‍ വിജയിച്ചില്ല. ഗള്‍ഫില്‍ എന്തെങ്കിലും ജോലി തരപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

വിഷാദരോഗംമൂലം ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിരുന്ന കാലത്താണ് സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി, മാടമ്പ് കുഞ്ഞുകുട്ടന്‍, മുല്ലനേഴി തുടങ്ങി പല എഴുത്തുകാരും സീരിയലുകളിലും സിനിമകളിലും അഭിനയിക്കുന്നുണ്ട്. എനിക്കും എന്തുകൊണ്ട് ആ മാര്‍ഗം പിന്തുടര്‍ന്നുകൂടാ എന്നു ചിന്തിച്ചു. സുഹൃത്തുക്കളായ കെ. കെ. രാജീവും അനില്‍ മുഖത്തലയും എന്നെ ‘പൊരുത്തം” എന്ന സീരിയലില്‍ അഭിനയിപ്പിച്ചു. അങ്ങനെ സീരിയല്‍ അഭിനയം തൊഴിലായി.

വിജി :കൂടുതല്‍ പണത്തിനും കൂടുതല്‍ പ്രശസ്തിക്കുംവേണ്ടി താങ്കള്‍ കവിതയെ തള്ളിക്കളഞ്ഞു എന്നു ഞാന്‍ ആരോപിച്ചാല്‍?

ബാല: അതു വളരെ ശരിയാണ്. നിരന്തരമായ കവിതാരചനയ്ക്ക് വലിയ പ്രതിഭയും പാണ്ഡിത്യവും വേണം. ശക്തമായ കാവ്യപ്രചോദനം വേണം. എനിക്കിതൊന്നുമില്ല. കടുത്ത മനക്ളേശവും ആത്മസംഘര്‍ഷവും ഉണ്ടാക്കുന്ന പണിയാണു കവിതാരചന. അതു പലപ്പോഴും മനസ്സിന്റെ സമനില തെറ്റിക്കും. കവിതയ്ക്കു പ്രതിഫലം വളരെ തുച്ഛം. പ്രായം കൂടിയതോടെ കവിതാരചനയുടെ ക്ളേശം സഹിക്കാനുള്ള മനശ്ശക്തിയും ശരീരശക്തിയും എനിക്കില്ലാതായി. ഈ സാഹചര്യത്തില്‍ ഞാന്‍ കവിതയുടെ ലോകം വിട്ടു എന്നു പറയാം. തീര്‍ച്ചയായും ഒരു കലാകാരന്‍ എന്ന നിലയില്‍ ഞാനും പ്രശസ്തിയും പ്രതിഫലവും ആഗ്രഹിക്കുന്നു.

വിജി :മറ്റു പല കവികളെയുംപോലെ, സ്ഥാനമാനങ്ങളോ ബഹുമതികളോ ഉന്നത വിദ്യാഭ്യാസമോ ഉന്നത ഉദ്യോഗമോ നേടിയ ഒരാളല്ല താങ്കള്‍. എങ്കിലും താങ്കളുടെ തലമുറയില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും വ്യക്തിഹത്യയ്ക്ക് ഇരയാവുകയും ചെയ്യുന്ന എഴുത്തുകാരന്‍ താങ്കളാണ്. താങ്കളുടെ കവിതകള്‍ രൂക്ഷമായി വിമര്‍ശിക്കപ്പെടുന്നു. ഓര്‍മക്കുറിപ്പുകളുടെ സമാഹാരമായ ‘ചിദംബരസ്മരണ” കെട്ടുകഥയാണെന്നു പ്രചരിപ്പിക്കപ്പെടുന്നു. സ്വഭാവശുദ്ധിയില്ലാത്തവനാണെന്ന് ആക്ഷേപിക്കപ്പെടുന്നു. എന്നിട്ടും താങ്കളുടെ കവിതാ സമാഹാരങ്ങള്‍ അനേകമനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. ‘ചിദംബരസ്മരണ” മലയാളത്തില്‍ മാത്രമല്ല, തമിഴ് തര്‍ജമയിലും അനേകം പതിപ്പുകള്‍ വിറ്റുപോകുന്നു. ഇതിനെക്കുറിച്ച് എന്തു തോന്നുന്നു?

ബാല: കവി എന്ന നിലയില്‍ കുട്ടിക്കാലം മുതല്‍ എനിക്കു ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് എന്നോടു പലര്‍ക്കും ഉള്ള അസഹിഷ്ണുതയുടെ അടിസ്ഥാനം എന്നു ഞാന്‍ വിചാരിക്കുന്നു. സ്ഥാനമാനങ്ങളും ബഹുമതികളും ഉന്നത ബിരുദവും ഉന്നത ഉദ്യോഗവും ഒന്നുമെനിക്കില്ലെങ്കിലും എന്റെ വാക്കുകള്‍ കുറെ മനുഷ്യരുടെ ഹൃദയത്തെ സ്പര്‍ശിച്ചിട്ടുണ്ട്. സത്യവും അസത്യവും വേര്‍തിരിച്ച് അറിയാനുള്ള കഴിവ് മനുഷ്യാത്മാവിനുണ്ടെന്നാണ് എന്റെ വിശ്വാസം.

ആത്മാവിന്റെ സത്യബോധം വായനവേളയില്‍ വായനക്കാരനെ നയിക്കുന്നു എന്നാണ് എന്റെ അനുഭവം. അതുകൊണ്ട് കളവുപറഞ്ഞോ കളവ് എഴുതിയോ വായനക്കാരെ കബളിപ്പിക്കാം എന്ന തെറ്റിദ്ധാരണ എനിക്കില്ല. വായനക്കാര്‍ വിഡ്ഢികളല്ല. എഴുത്തിലെ സത്യവും അസത്യവും സ്വന്തം ആത്മാവില്‍ അവര്‍ തിരിച്ചറിയുകതന്നെ ചെയ്യും. അതിന് എഴുത്തിന്റെ കൂടെ എഴുത്തുകാരന്‍ ജില്ലാ കലക്ടറുടെയോ തഹസില്‍ദാരുടെയോ മറ്റേതെങ്കിലും ഗസറ്റഡ് ഓഫിസറുടെയോ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല.എനിക്കെതിരായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പരദൂഷണങ്ങളും എന്നെ പ്രസക്തനാക്കുകയും എന്റെ പ്രശസ്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് എന്റെ പുസ്തകങ്ങള്‍ കൂടുതല്‍ ചെലവാകുന്നു. അതിനാല്‍ എല്ലാത്തരം എതിര്‍പ്പുകള്‍ക്കും സ്വാഗതം.

വിജി :മദ്യപിച്ചിരുന്ന കാലത്തു മുന്‍കോപിയും അസ്വസ്ഥനും കലഹപ്രിയനും മുഠാളനും ആയിരുന്ന താങ്കള്‍ മദ്യം ഉപേക്ഷിച്ചപ്പോള്‍ ക്ഷമാശീലനും സ്വസ്ഥനും സൌമ്യനും ആയി മാറി. പണ്ടു ഭാര്യയെയും കുഞ്ഞിനെയും വിട്ട്, എവിടെയാണെന്നുപോലും അറിയിക്കാതെ, ആഴ്ചകളും മാസങ്ങളും താങ്കള്‍ എവിടെയൊക്കെയോ അലഞ്ഞുതിരിയാറുണ്ടായിരുന്നു. കുടുംബകാര്യങ്ങളൊന്നും ഒരിക്കലും ശ്രദ്ധിച്ചിട്ടേയില്ല. ഒരുനേരത്തെ അരിവാങ്ങിത്തരാനുള്ള ഉപകാരംപോലും അക്കാലത്തു താങ്കള്‍ എനിക്കു ചെയ്തുതന്നിട്ടില്ല. ഒരു സഹായവും താങ്കളില്‍നിന്ന് എനിക്കോ കുഞ്ഞിനോ ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്നു താങ്കള്‍ കുടുംബകാര്യങ്ങളില്‍ കുറച്ചൊക്കെ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങളോടു സ്നേഹത്തോടെ പെരുമാറുന്നുണ്ട്. അലഞ്ഞുതിരിയാതെ വീട്ടില്‍ത്തന്നെ കഴിഞ്ഞുകൂടുന്നുമുണ്ട്. ബുദ്ധമതം സ്വീകരിച്ചതുകൊണ്ടുണ്ടായ മാറ്റങ്ങളാണോ ഇതെല്ലാം? ബുദ്ധമത തത്വങ്ങള്‍ക്കനുസരിച്ചാണോ ഇപ്പോള്‍ താങ്കള്‍ ജീവിക്കുന്നത്?

ബാല: ബുദ്ധഗയയില്‍ കഥാകൃത്ത് എന്‍. എസ്. മാധവന്റെയും കാര്‍ട്ടൂണിസ്റ്റ് ഉണ്ണിയുടെയും സാക്ഷ്യത്തിലാണു ഞാന്‍ ബുദ്ധമതം സ്വീകരിച്ചത്. അംബേദ്കര്‍ രൂപം നല്‍കിയ ഏതാനും പ്രതിജ്ഞകള്‍ ആ സമയത്തു ഞാന്‍ എടുത്തിരുന്നു. ജീവിതത്തില്‍ ബുദ്ധമത തത്വങ്ങള്‍ പൂര്‍ണമായി നടപ്പാക്കാന്‍ എനിക്കു കഴിയുന്നില്ല. എന്നെങ്കിലും കഴിയുമെന്നും തോന്നുന്നില്ല. ശ്രമിക്കുന്നു, അത്രമാത്രം. എത്ര ശ്രമിച്ചാലും ക്രിസ്തുവും ക്രിസ്ത്യാനിയും തമ്മിലുള്ള വ്യത്യാസം ബുദ്ധനും ഞാനും തമ്മില്‍ ഉണ്ടായിരിക്കും. പിന്നെ, സ്വഭാവത്തിലും പെരുമാറ്റത്തിലും ഉള്ള മാറ്റം മദ്യം ഉപേക്ഷിച്ചതുകൊണ്ടും ബുദ്ധമതം സ്വീകരിച്ചതുകൊണ്ടും മാത്രമല്ല, പ്രായം കൂടിയതുകൊണ്ടും ആവാം

വിജി:ഒരുപാടു രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടല്ലോ. ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതാണ്? എന്താണു പ്രത്യേകതകള്‍?

ബാല:ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, സിംഗപ്പൂര്‍, ഇംഗണ്ട്, ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഇന്തൊനീഷ്യ തുടങ്ങി പല രാജ്യങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. എനിക്കേറ്റവും ഇഷ്ടപ്പെട്ട രാജ്യം സ്വീഡനാണ്. ഉയര്‍ന്ന കലാബോധവും സാമൂഹികബോധവും പരിസ്ഥിതി ബോധവുമുള്ള ജനത. ഏറ്റവും കൂടുതല്‍ മനുഷ്യത്വമുള്ള യൂറോപ്യന്‍ ജനത. സ്വീഡന്റെ സ്പീക്കര്‍ സ്വന്തം ഡ്രൈവറോടൊപ്പമിരുന്നു ഭക്ഷണം കഴിക്കുന്നതു ഞാന്‍ കണ്ടു. സ്വീഡിഷ് മന്ത്രിമാര്‍ സ്വയം ഷോപ്പിങ് നടത്തി തെരുവിലൂടെ സൈക്കിളില്‍ പോകുന്നതും കണ്ടു.

സ്റ്റോക്കോമില്‍ എത്തിയ എന്നെ കാണാന്‍ സ്വീഡനിലെ പ്രമുഖ സ്ത്രീകവിയായ എലിസബത്ത് റിനല്‍ എണ്ണൂറ് കിലോമീറ്റര്‍ യാത്രചെയ്താണു വന്നത്. അതിമനോഹരായ സ്വീഡിഷ് പ്രകൃതിയെയും പരിസ്ഥിതിയെയും ജനങ്ങളും സര്‍ക്കാരും ജാഗത്രയോടെ പരിപാലിക്കുന്നു. സ്വീഡിഷ് പൌരന്മാര്‍ക്കു വിദ്യാഭ്യാസവും ചികില്‍സയും സൌജന്യമാണ്. അതു സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ജനാധിപത്യത്തെയും സാമൂഹിക നീതിയെയും പൊരുത്തപ്പെടുത്തുന്ന സ്വീഡന്റെ സോഷ്യല്‍ ഡമോക്രാറ്റിക് ഗവണ്‍മെന്റ് ലോകത്തിനുതന്നെ മാതൃകയാണെന്നു തോന്നി.

വിജി: നാം കണ്ടുമുട്ടുന്നതിനു മുന്‍പു താങ്കള്‍ പ്രണയിച്ചിരുന്ന ബാല്യകാലസഖിയെപ്പറ്റി മാത്രമേ താങ്കള്‍ പ്രണയ കവിതകള്‍ എഴുതിയിട്ടുള്ളു. അതും വളരെ കുറച്ചു പ്രണയകവിതകള്‍ മാത്രം. മറ്റു കവികളെല്ലാം ഇപ്പോഴും ധാരാളം പ്രണയകവിതകള്‍ എഴുതിക്കൊണ്ടിരിക്കെ താങ്കളുടെ പ്രണയലോകം ഇത്ര ശുഷ്കമായിപ്പോകാന്‍ എന്താണു കാരണം?

ബാല:മറ്റു കവികളെപ്പോലെ വ്യാപകമായി സ്ത്രീകളെ ആകര്‍ഷിക്കാനുള്ള കഴിവ് എനിക്കോ എന്റെ കവിതയ്ക്കോ ഇല്ല. സ്ത്രീകള്‍ക്ക് ഇഷ്ടം തോന്നാവുന്ന ഗുണങ്ങളൊന്നും എനിക്കില്ല. സഫലമാകാതെപോയ ആദ്യ പ്രണയത്തിന്റെ വേദനയും യാതനയും എന്നെ പ്രചോദിപ്പിച്ചപ്പോള്‍ ഞാന്‍ ചില കവിതകള്‍ എഴുതി.

വിജി :കുട്ടിക്കാലംമുതല്‍ അറിയപ്പെടുന്ന പ്രസംഗകന്‍കൂടിയാണല്ലോ താങ്കള്‍. മറക്കാനാവാത്ത ഒരു പ്രസംഗാനുഭവം?

ബാല:ഒരിക്കല്‍ കലാമണ്ഡലത്തില്‍ വള്ളത്തോള്‍ അനുസ്മരണ പ്രഭാഷണം ഞാന്‍ നടത്തി. ശ്രോതാക്കള്‍ക്കിടയില്‍ വള്ളത്തോളിന്റെ മകളും ഉണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞപ്പോള്‍ മഹാകവിയുടെ മകള്‍ എന്നോടു പറഞ്ഞു: ‘’“അച്ഛന്‍ ജീവനോടെ മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെ തോന്നി.””” പ്രസംഗത്തിന്റെ പേരില്‍ എനിക്കു ലഭിച്ച ഈ അഭിനന്ദനം ഒരിക്കലും മറക്കാനാവില്ല.

***********************************************************************************

2 comments:

പൂജ്യം സായൂജ്യം said...

very very thanks
what is the source of this

നഗ്നൻ said...

official secret

അപ്പം തിന്നാ.. പോരെ :)